Dec 8, 2009

കഥ...

ലോട്ടറി ജിഹാദ്
സ്ഥലത്തെ പ്രധാന ലോട്ടറി വില്‍പ്പനക്കാരന്‍ ബാവയുടെ കടയില്‍ പതിവില്‍ കവി‍ഞ്ഞ ആള്‍ക്കൂട്ടം...!
സ്ഥലത്തെ ആസ്ഥാന കള്ളു കുടിയന്‍ പുരമനയില്‍ ചന്ദ്രന് ലോട്ടറി വീണിരിക്കുന്നു 10,000 രൂപ...
വിവരമറിഞ്ഞ ചന്ദ്രന്റെ പാതിയടഞ്ഞ കണ്ണുകള്‍ പുറത്തേക്ക് തള്ളി ...അങ്ങാടിയില്‍ തല്ലുണ്ടാക്കിയും കൂലിപ്പണിചെയ്തും കിട്ടുന്ന കാശുകൊണ്ട് പൈന്റ് വാങ്ങിയടിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ചന്ദ്രന്‍ 10,000 കിട്ടിയസന്തോഷത്തില്‍ ബീവറേജ് പരമ്പര ദൈവങ്ങള്‍ക്ക് സ്തുതിയും പറഞ്ഞ് ഷാപ്പിലേക്കോടി.

വൈകുന്നേരം, കീറിയ നിക്കറിട്ട് വെള്ളമടിച്ച് ബോധം പോയ ചന്ദ്രനെ സുഹൃത്തുക്കള്‍ പരോപകാരമായിപതിവുപോലെ ബാവയുടെ പീടികത്തിണ്ണയില്‍ പ്രതിഷ്ഠിച്ചു...

പുരമനയില്‍ ചന്ദ്രന്‍ വാളും പരിചയും വെച്ച് കീഴടങ്ങുന്ന ദയനീയ കാഴ്ച...

പിന്നീടിന്നുവരെ ബാവാന്റെ ഒരു ലോട്ടറിയും ചന്ദ്രന്‍ മിസ്സാക്കിയിട്ടില്ല.രാവിലെ തന്നെ ലക്കി നമ്പരുകള്‍ സെലക്ട്ചെയ്ത് മൂളിപ്പാട്ടും പാടി ചന്ദ്രന്‍ നടന്നു നീങ്ങും.

പിന്നീടും ഒന്നു രണ്ടു തവണ ചന്ദ്രന് ലോട്ടറി വീണു , സാധാരണ നാട്ടുകാരുടെ പുച്ഛത്തിനു പാത്രമായ ചന്ദ്രന്‍അതോടെ കുടിച്ചിട്ടു തന്നെ നാട്ടുകാരെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചു.
രാത്രി ഫുള്‍ റേഞ്ചില്‍ അങ്ങാടിയിലെത്തിയ ചന്ദ്രന്‍ പഴശ്ശി രാജ സിനിമയിലെ ഡയലോഗ് അനുകരിച്ചുകൊണ്ടുപൂരപ്പാട്ടിനു തുടക്കം കുറിച്ചു.

ചന്ദ്രന്റെ കുടി നിങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളൂ......തെണ്ടികളേ...”

എരന്നും തൊരന്നും കാല്‍ക്കല്‍ വീണും ഒരു പൈന്റു വാങ്ങാന്‍ പാടുപെട്ടിരുന്ന ചന്ദ്രന്റെ ശക്തമായ പ്രതിഷേധംനാട്ടുകാര്‍ക്കെതിരെ ഇരമ്പി . അറിയാവുന്ന എല്ലാ ഭാഷയിലും ചന്ദ്രന്‍ നാട്ടുകാരെ തെറി വിളിച്ചു...

ഋതുഭേതങ്ങള്‍ മാറി മാറി വന്നു ചന്ദ്രന്റെ ലോട്ടറിയടിക്കു തിരശ്ശീല വീണു...
ശുക്കൂറിനും സുലൈമാനും തുടര്‍ച്ചയായി രണ്ടു തവണ 20,000 വീണു.
പുരമനയില്‍ ചന്ദ്രന്റെ നെറ്റി ചുളിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ വീണു 10,000 മുജീബിന്

സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ചന്ദ്രന്‍ ഒരു പൈന്റിനായി മൂന്നു പേരുടെയും കാല്‍ക്കല്‍ വീണു. കള്ളുകുടിക്കാനാണെങ്കില്‍ കാശു തരില്ലെന്ന് ശുക്കൂറും സുലുവും മുജീബും തറപ്പിച്ചു പറഞ്ഞു. കുടിക്കാനല്ലെങ്കില്‍പിന്നെന്തിനാ ചന്ദ്രന് കാശ് നേര്‍ച്ച നടത്താനോ...?

അന്നു രാത്രി ഒരു ഫുള്‍ അകത്താക്കി നടുറോട്ടില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പുരമനയില്‍ ചന്ദ്രന്‍ പുതിയസമരത്തിന് തുടക്കം കുറിച്ചു...

ലോട്ടറി ജിഹാദ്
ലോട്ടറി ജിഹാദ്
ചന്ദ്രന്‍ അലറി വിളിച്ചു.
നാട്ടുകാര്‍ ചുറ്റും കൂടി
എന്താ ചന്ദ്രാ പ്രശ്നം...?

കണ്ടില്ലേ മാസം ഒരൊറ്റ ഹിന്ദുവിനും ലോട്ടറിയടിച്ചില്ല ,മൂന്നെണ്ണവും മുസ്ലിമീങ്ങള്‍ക്ക് തന്നെ ഇതാണ്നാട്ടുകാരേ........

ലോട്ടറി ജിഹാദ്

- ശുഭം -

No comments:

Post a Comment